“അപ്പോ മിസ്സാണ് ഞങ്ങളുടെ ഹോസ്റ്റൽ വാർഡൻ. മിസ്സ് അവരുടെ റൂമീന്ന് ബിയർ ബോട്ടില് പിടിച്ചു. പിടിച്ചപ്പോ അതിലും രസം. അവര് ബോട്ടിൽ ആർട്ട് ചെയ്യാൻ കൊണ്ട് വന്ന് വെച്ചതാണത്രേ ആ ബിയർ ബോട്ടില്. അവസാനം വീട്ടീന്ന് ആൾക്കാരൊക്കെ വന്ന് വലിയ പ്രശ്‌നം ഒന്നും ആവാതെ എല്ലാം ഒതുക്കി തീർത്തു. ഏട്ടനൊന്ന് ഓർത്ത് നോക്ക്. ഗേൾസ് ഹോസ്റ്റലില് ബിയർ ബോട്ടിലുകള്…”
“എനിക്കറിയില്ല ചിന്നൂ. ഞാനീ കോളേജിലൊന്നും പഠിച്ചിട്ടില്ലല്ലോ. പ്ലസ്‌ടു കഴിഞ്ഞതും ഫൗണ്ടേഷനെഴുതി സി എ ചെയ്യാനല്ലേ ഞാൻ പോയത്. എന്നാലും എന്തൊക്കെയാ ഇവിടെ നടക്കണത്. ഇക്കണക്കിന് പോയാല് ബോയ്‌സിനെ ഒക്കെ കടത്തി വെട്ടുമല്ലോ”
“സീനിയേർസ് ബോയ്‌സാ കുപ്പി അറേഞ്ച് ചെയ്ത് കൊടുത്തതൂന്നാ കോളേജിലെ സംസാരം”
അവളങ്ങനെ ചേർന്നിരുന്ന് എൻ്റെ ചെവിയിൽ ഓരോന്ന് പറഞ്ഞ് കൊണ്ടേയിരുന്നു. ഞാനെല്ലാം മൂളി കേട്ടു. അതല്ലാതെ എന്ത് ചെയ്യാൻ.
മുന്നോട്ട് പോകുന്തോറും വെയിൽ മങ്ങി തുടങ്ങി. പുരാതനമായ ചോല കാടുകളാണ് ചുറ്റിനും. മുതുമല ടൈഗർ റിസർവിൻ്റെ ഭാഗമാണ് ഈ കാടുകൾ. കാടിനുള്ളിലെ ആകാശം മുട്ടെ വളർന്ന മരങ്ങളുടെ തിങ്ങിയ ഇലച്ചാർത്തുകൾക്കിടയിലൂടെ സൂര്യ പ്രകാശത്തിന് പോലും അരിച്ചിറങ്ങാൻ പഴുതില്ലായിരുന്നു.
വേഗത്തിൽ പോകാൻ തോന്നാത്ത ഒരു യാത്രയാണിത്. വഴിയോര കാഴ്ചകളുടെ ഭംഗിയൊക്കെ ആസ്വദിച്ച് ഓരോ ഹെയർ പിൻ വളവുകളിലും വണ്ടിനിർത്തി ഫോട്ടോകൾ എടുത്ത് മുതുമല റിസർവ് ഫോറസ്റ്റിൻ്റെ ഏകാന്തതയിൽ അല്പനേരം കൂടി ചിലവഴിച്ച് പതുക്കെ പോകാൻ തന്നെയായിരുന്നു എനിക്കും ആഗ്രഹം. പക്ഷേ അഞ്ച് മണിക്ക് മുമ്പെങ്കിലും ഊട്ടിയിലെത്താനുള്ള വ്യഗ്രതയിൽ അൽപ്പം വേഗത്തിലാണ് ഞാൻ ബൈക്കോടിച്ചത്.
