പാർക്കിംഗിനെതിർവശത്തുള്ള ടീ സ്റ്റാളിൽ കയറി ഒരു ചായയും കുടിച്ച് ഞങ്ങൾ മടങ്ങി.
“ഇനി എങ്ങട്ടാ ഏട്ടാ”?
“മാർക്കറ്റിലൊന്ന് കയറീട്ട് പോവാം. ഇവിടെ വരെ വന്നതല്ലേ…. കുറച്ച് ചായപ്പൊടിയോ കാപ്പി പൊടിയോ അങ്ങനെ എന്തേലും ഒക്കെ വാങ്ങാം..”
മാർക്കറ്റിൽ കയറിയത് മണ്ടത്തരമായി പോയി. കണ്ണിൽ കണ്ടതൊക്കെ വാങ്ങി ചിന്നു എൻ്റെ കയ്യിലെ പൈസ തീർത്തു.
“കൂട്ടുകാരിക്ക് ഗിഫ്റ്റ് വാങ്ങാനേ ഇനി അച്ഛനോട് പൈസ ചോദിച്ചോണ്ട്. എൻ്റെ കയ്യിലുള്ളതൊക്കെ തീർന്നു… ഇവിടെ കളസം കീറിയിട്ടാ ഞാനൊക്കെ ഒരു വിധം മുന്നോട്ട് പോണതെന്നെ. അല്ലെങ്കിലും കന്നിനെ കയം കാണിക്കരുതൂന്ന് പണ്ടുള്ളോര് പറയണതെത്ര ശരിയാ”…
ഞാൻ നോക്കുമ്പോൾ അവളുണ്ട് ചിരിച്ചോണ്ട് നിൽക്കുന്നു.
“അവളുടെ ഒരു ചിരി കണ്ടില്ലേ… കേറ് എന്തായാലും.. പോവാം…”
ചിന്നു ബൈക്കിൽ കയറി.
“നൈറ്റ് അട്രാക്ഷൻസ് എന്തേലൂണ്ടാവും ഏട്ടാ ഇവിടെ. അങ്ങനെ എന്തേലും ഒക്കെ കണ്ടിട്ട് വീട്ടില് പോയാ പോരേ”? കൊഞ്ചലോടെയുള്ള അവളുടെ ചോദ്യം കേട്ടതും എനിക്കങ്ങോട്ട് ചൊറിഞ്ഞ് കയറി…
“ഇനി നിൻ്റെ…. നിൻ്റെ ഒരു നൈറ്റ് അട്രാക്ഷൻസ്. അതൊക്കെ കാണാനേ കയ്യില് ദമ്പടി വേണം. അല്ലാതെ ചിരിച്ചു കാണിച്ചാൽ ടിക്കറ്റ് തരാൻ അമ്മായീടെ മക്കളൊന്നും അല്ലല്ലോ അവിടെ ഇരിക്കണത്… അഞ്ചിൻ്റെ പൈസ ഇല്ല കയ്യില്. മാർക്കറ്റില് ഉള്ളതൊക്കെ വാങ്ങി കൂട്ടിയപ്പോ ഓർക്കണായിരുന്നു. ഇനി എന്തായാലും നേരെ വീട്ടിലേക്ക്. അല്ലേലും അമ്മ പറഞ്ഞതാ ഇവിടെ ചുറ്റി തിരിയാൻ നിക്കാതെ വേഗം ചെല്ലാൻ”
